കനയ്യകുമാർ ജെഡിയുവിലേക്കെന്ന റിപ്പോർട്ടുകൾ; അനാവശ്യ പ്രചാരണമെന്ന് സിപിഐ

സിപിഐ ദേശീയ നേതാവും ജെഎൻയു മുൻ വിദ്യാർഥി നേതാവുമായ കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ നിഷേധിച്ച് സിപിഐ. അനാവശ്യ പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുപ്പക്കാരനായ അശോക് ചൗധരിയുമായി കനയ്യകുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ ജെഡിയുവിൽ ചേരുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചത്.

പൊതുവിഷയങ്ങൾ ഉന്നയിക്കാനാണ് കനയ്യ അശോക് ചൗധരിയെ കണ്ടതെന്ന് ഡി രാജ പറയുന്നു. കനയ്യക്കും സിപിഐയിലെ മുതിർന്ന നേതാക്കൾക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി നേരത്തെ വാർത്തകൾ വന്നിരുന്നു.