ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ വഴിയാണ് യോഗം നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിനൊപ്പം തദ്ദേശതെരഞ്ഞെടുപ്പും നീട്ടിവയ്ക്കാൻ സർവകക്ഷിയോഗത്തിൽ അഭിപ്രായമുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കും. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്.
ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്നതിനോട് സർക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ നേടാൻ വേണ്ടിയാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.