മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് രാംപൂരിൽ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്.
ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. 37 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരിച്ചവരിൽ 16 പേർ സ്ത്രീകളും 20 പേർ പുരുഷൻമാരും ഒരു കുട്ടിയുമുണ്ട്. ഏഴ് പേർ മാത്രമാണ് നീന്തി രക്ഷപ്പെട്ടത്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കനാലിലേക്ക് തല കുത്തനെ മറിഞ്ഞ ബസ് വെള്ളത്തിലേക്ക് മുങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തനം സ്ഥലത്ത് തുടരുകയാണ്. കനാലിൽ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.