അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗളൂരു പരപ്പനഗ്രഹാര ജയിൽ അധികൃതർ വ്യക്തമാക്കി. പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജയിൽ മോചനം ഒരു മാസം കൂടി വൈകും
അതേസമയം പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ജയലളിതയുടെ വസതിക്ക് സമീപം പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ അടക്കമുള്ള 200 ഏക്കറോളം ഭൂമി തുടങ്ങി 65 ആസ്തികളാണ് കണ്ടുകെട്ടിയത്.
ശശികലയുടെ രാഷ്ട്രീയപ്രവേശനം ഭയക്കുന്ന പഴനിസ്വാമി, പനീർശെൽവം നേതൃത്വമാണ് നടപടികൾക്ക് പിന്നിലെന്ന് ശശികലയുടെ മന്നാർഗുഡി കുടുംബം ആരോപിക്കുന്നു.