കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാനദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് തുറന്നു കൊടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് ശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘടാനം ചെയ്തത്.
12 മണിയോടെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി പ്രാർഥന നടത്തിയിരുന്നു. ഗംഗാസ്‌നാനവും കഴിഞ്ഞാണ് വിശ്വനാഥ ക്ഷേത്രത്തിലേക്ക് അദ്ദേഹം എത്തിയത്. വൈകുന്നേരം ആറ് മണിക്ക് ഗംഗാ ആരതിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ വാരണാസി സ്വർദേവ് മഹാമന്ദിർ സന്ദർശിച്ച ശേഷം അദ്ദേഹം ഡൽഹിക്ക് മടങ്ങും.
കാശിധാം പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപ ചെലവായി. യാത്രാ സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരണാസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്.