ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പരിശോധന പുരോഗമിക്കുകയാണ്. സമ്മേളനത്തിന് മുമ്പ് ഇരുസഭകളിലെയും മുഴുവന്‍ എംപിമാരെയും മന്ത്രിമാരെയും അടക്കം കൊവിഡിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക.
മലയാളികള്‍ അടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം സര്‍ക്കാര്‍ അംഗീകൃത ഏതെങ്കിലും ആശുപത്രിയിലോ ലബോറട്ടറിയിലോ പാര്‍ലമെന്റ് അനക്‌സ് കോംപ്ലക്‌സിലോ പരിശോധന നടത്തണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാമാനദണ്ഡങ്ങളോടെയും നിരവധി മാറ്റങ്ങളോടെയുമാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.
മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പുതുമകളും തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും. ഇതാദ്യമായി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം എല്ലാ എംപിമാരും മാസ്‌ക് ധരിച്ചാവും പാര്‍ലമെന്റിലെത്തുകയും നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുക. പതിവിനു വിപരീതമായി രാജ്യസഭ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ലോക്‌സഭ ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാവും സമ്മേളിക്കുന്നത്.