രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി ഉയർന്നു. 6,53,622 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 16,95,982 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 942 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 47,033 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം രോഗവ്യാപനം കൂടുതലായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു. പരിശോധനകൾ വർധിപ്പിക്കണമെന്ന് ഗുജറാത്ത്, ബീഹാർ, ബംഗാൾ, യുപി, തെലങ്കാന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്