വലിയ ആശങ്ക: രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 പേർക്ക് കൊവിഡ്; 418 മരണം

ഓരോ ദിവസവും റെക്കോർഡുകൾ പുതുക്കി കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 418 പേർ ഈ സമയത്തിനുള്ളിൽ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്തു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,73,105 ആയി ഉയർന്നു. 14,894 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് തന്നെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. അതേസമയം അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്

കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഒരു ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,86,514 പേരാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. 2,71,697 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം 1,42,900 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6739 പേർ മരിച്ചു. ഡൽഹിയിൽ 70,390 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2365 പേർ മരിച്ചു.