മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര പൊലീസിനെതിരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. എൻസിബി ഉദ്യോഗസ്ഥർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചാരവൃത്തി നടത്തുന്നുവെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എൻസിബി ഉദ്യോഗസ്ഥർ പരാതി നൽകി.
ആഡംബര കപ്പലിലെ റെയ്ഡിന് നേതൃത്വം നൽകിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ, സീനിയർ ഓഫിസർ മുത്ത ജെയിൻ എന്നിവരാണ് പരാതി നൽകിയത്. മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചിരിക്കുന്നത്. പരാതിയിന്മേൽ അന്വേഷണമുണ്ടാകും.
അതിനിടെ കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ആര്യന്റെ പക്കലിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എൻ.സി.ബി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. മറ്റ് പ്രതികൾക്കൊപ്പം ആര്യൻ ഖാനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ കോടതി ബുധനാഴ്ച പരിഗണിക്കും.