ആഡംബര കപ്പലിലെ ലഹരി പാർട്ടിക്ക് പിന്നാലെ മുംബൈയിലും ബാന്ദ്രയിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വ്യാപക പരിശോധന. ലഹരിപ്പാർട്ടിക്കായി മയക്കുമരുന്ന് എത്തിച്ച് നൽകിയ ആളെ എൻസിബി അറസ്റ്റ് ചെയ്തു. കേസിലെ പ്രതി ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
കോർഡീലിയ കപ്പലിൽ ലഹരി പാർട്ടിക്കിടയിൽ അറസ്റ്റിലായ ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍. ചോദ്യംചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞെന്ന് എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആഡംബര കപ്പലിലെ പാർട്ടിക്കായി ലഹരി എത്തിച്ച ആളെയും ആര്യൻ ഖാനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ബ്രിട്ടനിലും ദുബൈയിലും താമസിച്ചിരുന്ന കാലത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ആര്യന്‍ സമ്മതിച്ചെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു.
ചോദ്യംചെയ്യലിന് ഒരു ദിവസമാണ് മുംബൈ കോടതി നൽകിയത്. ഇത് അവസാനിക്കുന്നതോടെ വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കും. ചോദ്യംചെയ്യലിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ കസ്റ്റഡി നീട്ടാൻ എൻ.സി.ബി അപേക്ഷ നൽകും. അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ആവശ്യപ്പെടും. ആര്യൻ ഖാനും മറ്റ് പ്രതികളും ഇന്ന് ജാമ്യ ഹർജി സമർപ്പിക്കുമെന്നാണ് വിവരം. അതിനിടെ ഷാരൂഖ് ഖാനുമായി സംസാരിക്കാൻ ആര്യൻ ഖാന് എൻസിബി രണ്ട് മിനിറ്റ് സമയം അനുവദിച്ചു.