കൊവിഡ് നഷ്ടപരിഹാരം; കേന്ദ്രനിര്‍ദേശം സുപ്രിംകോടതി അംഗീകരിച്ചു

 

ന്യൂഡെൽഹി: കൊവിഡ് നഷ്ടപരിഹാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം അംഗീകരിച്ചത്. ആറുമാസത്തെ സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗരേഖയ്ക്കും സുപ്രിംകോടതി അംഗീകാരം നല്‍കി.

മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആ ഒരു കാരണത്താല്‍ മാത്രം നഷ്ടപരിഹാരം നിഷേധിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. സാധ്യമായതില്‍ വേഗത്തില്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി പറഞ്ഞു.