കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. റെംഡെസിവിർ പ്രതിരോധമരുന്നോ മരുന്നിനായി ഉപ യോഗിക്കുന്ന ഘടകങ്ങളോ കയറ്റുമതി ചെയ്യാന്‍ അനുവാദമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ട റെംഡെസിവിർ പ്രതിരോധ മരുന്നിന്റെ ആവശ്യകത വര്‍ധിച്ചു വരുകയാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനാലാണ് മരുന്നിന്റെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യുഎസ് മരുന്ന് നിര്‍മ്മാതാക്കളായ ഗിലെയാഡുമായുള്ള കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ് രാജ്യത്ത് റെംഡെസിവിർ പ്രതിരോധ മരുന്ന് നിര്‍മ്മിക്കുന്നത്. പ്രതിമാസം 38.80 ലക്ഷം യൂണിറ്റിന്റെ ഉല്പാദന ക്ഷമതയാണ് ഇവയ്ക്കുള്ളത്. നിര്‍മ്മാതാക്കള്‍ കെെവശമുള്ള മരുന്നിന്റെ കണക്കുകളും വിതരണക്കാരുടെ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മരുന്നിന്റെ ലഭ്യതയെ സംബന്ധിച്ച് കൃത്യമായി പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്.