251 രൂപക്ക് മൊബൈൽ ഫോൺ നൽകുമെന്ന് അവകാശപ്പെട്ട് ബുക്കിംഗ് സ്വീകരിച്ച റിംഗ് ബെല്ലിന്റെ സ്ഥാപകൻ മോഹിത് ഗോയൽ വഞ്ചനാ കേസിൽ അറസ്റ്റിൽ. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്‌സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ദുബൈ ഡ്രൈ ഫ്രൂട്‌സ് ആൻഡ് സ്‌പൈസസ് ഹബ് എന്ന പേരിൽ അഞ്ച് പേർക്കൊപ്പം ചേർന്ന് ഗോയൽ കമ്പനി നടത്തുന്നുണ്ട്. നോയിഡ സെക്ടർ 26ലാണ് കമ്പനി. പഞ്ചാബ്, യുപി, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നായി കമ്പനിക്കെതിരെ നാൽപതോളം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കമ്പനിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
2016ലാണ് ഇയാൾ ഫ്രീഡം 251 എന്ന പേരിൽ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോൺ എന്നായിരുന്നു അവകാശവാദം. മുപ്പതിനായിരത്തോളം പേർ ഫോൺ ബുക്ക് ചെയ്യുകയും ഏഴ് കോടിയോളം പേർ ഫോൺ വാങ്ങാൻ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. നിയമപ്രശ്‌നങ്ങളിൽപ്പെട്ട് ഈ കമ്പനി പിന്നീട് പൂട്ടിപ്പോകുകയായിരുന്നു.