ഇന്ന് വിജയദിനം: പോരാട്ട ലക്ഷ്യം പൂർത്തിയാക്കി കർഷകർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും

 

ഒന്നര വർഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ കർഷക പോരാട്ടത്തിന് ഇന്ന് അവസാനം. ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി ഇന്ന് കർഷകർ വിജയദിനം ആഘോഷിക്കുകയാണ്.

കേന്ദ്രസർക്കാരിന് മുന്നിൽ വെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാർച്ചിന് ശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും. കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട്

സർക്കാർ നൽകിയ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താനായി കിസാൻ മോർച്ച ജനുവരി 15ന് വീണ്ടും യോഗം ചേരും. പോരാട്ടഭൂമിയിലെ ടെന്റുകളെല്ലാം കർഷകർ പൊളിച്ചു നീക്കുകയാണ്. വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികൾ മാറ്റി തുടങ്ങി.