സഭാംഗങ്ങള്‍ മര്യാദ പാലിക്കണം; തല്‍ക്കാലം ക്രിമിനല്‍ കേസുകളെ കുറിച്ച് ആലോചിക്കുന്നില്ല: ലോക്സഭാ സ്പീക്കര്‍

 

ന്യൂഡൽഹി: സഭയുടെ മര്യാദ പാലിക്കാന്‍ ശക്തമായ നടപടികള്‍ ആലോചിക്കേണ്ടി വരുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. എംപിമാര്‍ക്ക് എതിരെ സസ്പെഷനോ പുറത്താക്കല്‍ നടപടികളോ ക്രിമിനൽ നടപടിയോ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഓം ബിര്‍ള പറഞ്ഞു. സഭയുടെ മര്യാദ പാലിക്കാൻ ആവശ്യമെങ്കിൽ ശക്തമായ നടപടികൾ ആലോചിക്കേണ്ടി വരും. സഭയുടെ മര്യാദ ലംഘിച്ചതിലുള്ള ദുഃഖമാണ് വെങ്കയ്യ നായിഡു രേഖപ്പെടുത്തിയതെന്നും ഓം ബിര്‍ള പറഞ്ഞു.

പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ തവണത്തെ പോലെ മുന്നോട്ട് പോകാനാണ് ഇത്തവണയും ശ്രമിച്ചത്. എല്ലാവരുടെയും സഹകരണം ഇതിനായി തേടി. ചര്‍ച്ചയും സംവാദവും പാര്‍ലമെന്‍റിൽ നടക്കണം. എന്നാൽ സ്തംഭനം കാരണം ഉദ്ദേശിച്ച രീതിയിൽ സമ്മേളനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സഭയിലെ ഗരിമയും മര്യാദയും നിലനിര്‍ത്താൻ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിൽ ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കും. കേരളനിയമസഭ കേസിലെ വിധി എംപിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. കോടതി പരാമർശം ജനപ്രതിനിധികൾക്ക് അപമാനകരമാണെന്നും ഓം ബിർള പറഞ്ഞു.

രാജ്യസഭയിലെ നാടകീയ പ്രതിഷേധത്തിലുള്ള അതൃപ്തി അറിയിക്കവെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് സഭയില്‍ വിതുമ്പി കരഞ്ഞത്. ഇന്നലെ കാർഷിക വിഷയത്തിലെ ചർച്ച തടയാൻ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലെ മേശയിൽ കയറിയതാണ് വെങ്കയ്യ നായിഡുവിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷാ ഉൾപ്പടെയുള്ള മന്ത്രിമാർ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. എന്നാൽ വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവനയ്ക്കിടയിലും പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി മുദ്രാവാക്യം വിളിച്ചു. ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ കളങ്കപ്പെടുത്തിയതോർത്ത് ഇന്നലെ ഉറങ്ങിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.