25 ബില്ലുകള്‍, 8 അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍: രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായമകായ സ്ഥാനം പിടിച്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ 8 അംഗങ്ങളെ പുറത്താക്കിയ ഈ സമ്മേളനം ഷെഡ്യൂള്‍ വെട്ടിക്കുറച്ചിട്ടും 25 ബില്ലുകള്‍ പാസ്സാക്കിയെടുത്തു. അതിനും പുറമെ 6 പുതിയ ബില്ലുകള്‍ സഭയില്‍ അവതപ്പിക്കുകയും ചെയ്തു. 1954 നു ശേഷം ഇത് രണ്ടാം തവണയാണ് ഇത്ര ചെറിയ സമയം കൊണ്ട് സമ്മേളനം പിരിയുന്നത്.

18 സിറ്റിങ്ങുകള്‍ ഇത്തവണ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും സപ്റ്റംബര്‍ 14-23നുള്ളില്‍ 10 സിറ്റിങ് നടത്തി സഭ പിരിയുകയായിരുന്നു. ഒക്ടോബര്‍ 1നാണ് സഭ അവസാനിക്കേണ്ടിയിരുന്നത്.

ഇത്തവണത്തെ രാജ്യസഭ നൂറു ശതമാനം ഫലപ്രാപ്തിയിലെത്തിയെന്നും അവസാനത്തെ നാല് സെഷനുകള്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. സഭയുടെ 58 ശതമാനവും ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിനിയോഗിച്ചു. സാധാരണ 28 ശതമാനം സമയമാണ് ബില്ലുകളുടെ ചര്‍ച്ചയ്ക്കു വേണ്ടി നീക്കിവയ്ക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.