സര്‍ക്കാരിന്റെ കൈത്താങ്ങ്; രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

ഏകദേശം നാല്‍പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്റ്റര്‍ ചെയ്യാനുള്ള തിയതി ജൂലൈ 22 വരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.