ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ് സിനിമ ചിത്രീകരിച്ചതെന്നും, സുശാന്തിൻെറ ജീവിതം ആസ്പദമാക്കിയുള്ള വിവിധ സിനിമകൾ തടയണമെന്നും ആവശ്യപ്പെട്ട് പിതാവ് കൃഷ്ണ കിഷോർ സിങ് ആണ് ഹർജി നൽകിയത്.
സുശാന്തിൻെറ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ വിശ്വസ്തർ ആസൂത്രിതമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്ണ കിഷോർ സിങ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കുടുംബത്തിനുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി രണ്ട് കോടി രൂപയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് നരുലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
സുശാന്തിൻെറ ജീവിതം ആസ്പദമാക്കി ‘ന്യായ്: ദി ജസ്റ്റിസ്’, ‘സൂയിസൈഡ് ഓർ മർഡർ: എ സ്റ്റാർ വാസ് ലോസ്റ്റ്’, ‘ശശാങ്ക്’ തുടങ്ങിയ സിനിമകളാണ് ബോളിവുഡിൽ തയ്യാറാകുന്നത്. ന്യായ്: ദി ജസ്റ്റിസ് വെള്ളിയാഴ്ച റിലീസ് ചെയ്യും. ചിത്രങ്ങൾ പുറത്തിറങ്ങുന്നത് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയെ ബാധിക്കുമെന്നും പിതാവ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.