സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറൻസിക് സയൻസ് ലാബ്, അന്വേഷണ സംഘത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു.

ഇനി സൈബർ റിപ്പോർട്ടും ഫൊറൻസിക് ലാബിലെ ഫിസിക്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈൽ ഫോണിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബർ വിഭാഗം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും കണ്ടെത്താനായാൽ അന്വേഷണത്തിനു സഹായകമാകും.

ഇതിനിടെ നടന്റെ മരണവുമായി ബന്ധപ്പെട്ടു സംവിധായകൻ മഹേഷ് ഭട്ടിന്റെ മൊഴി ഇന്നലെ മുംബൈ പൊലീസ് രേഖപ്പെടുത്തി. ഭട്ട് തന്റെ അഭിഭാഷകരോടൊപ്പം ഉച്ചയോടെയാണു സാന്തക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഉച്ചകഴിഞ്ഞ് 2.30ന് മടങ്ങി. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിഷേക് ത്രിമുഖും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിൽപരമായ വൈരാഗ്യങ്ങൾ, വിഷാദം എന്നിവ നടനെ ആത്മഹത്യയിലേക്കു നയിച്ചു എന്ന ദിശയിലാണു പൊലീസ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, സംവിധായകനും യഷ് രാജ് ഫിലിംസ് ചെയർമാനുമായ ആദിത്യ ചോപ്ര, ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് എന്നിവർ ഉൾപ്പെടെ 38 പേരുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.