ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് എത്തിക്കരുത്; ഹൈക്കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ്

 

കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. വിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ഇന്നലെയാണ് ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ തീർപ്പ് വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്.

ഹർജി അടിയന്തരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിന് മുമ്പാകെയുള്ള ബഞ്ചിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.