ന്യൂഡൽഹി: ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും. ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങൾ ഒരു ടീം വർക്കാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
‘സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിൽ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു’ – ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
അതിനിടെ ഹൈക്കോടതി നിയമനത്തിനുവേണ്ടി കൊളീജിയം ശുപാര്‍ശ ചെയ്ത 68 ജഡ്ജിമാരുടെ പട്ടികയ്ക്ക് വേഗത്തില്‍ അംഗീകാരം നല്‍കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയമമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടയിലാണ് ജസ്റ്റിസ് രമണ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്.
ആ സമയത്ത് നിയമമന്ത്രി കിരന്‍ റിജ്ജുവും വേദിയിലുണ്ടായിരുന്നു. പിന്നീട് മറ്റൊരവസരത്തില്‍ ചീഫ് ജസ്റ്റിസിന്റെ അഭ്യര്‍ത്ഥനയോട് മന്ത്രി പ്രതികരിച്ചു. പേരുവിവരങ്ങള്‍ പറയാനാവില്ലെങ്കിലും പെട്ടെന്ന് അനുമതി നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചു.