കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു

 

കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു. പുലർച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പൂനെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിൻ്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപ്പോർട്ട്. മറ്റ് പരിശോധനാഫലം കൂടി വന്നതിനു ശേഷമേ നിപയാണോ എന്ന കാര്യം പൂർണമായും സ്ഥിരീകരിക്കുകയുള്ളൂ. (kozhikode nipah virus death)

ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ശാസ്തമംഗലം സ്വദേശിയായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഐസൊലേറ്റഡ് ഐസിയുവിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ ബന്ധുക്കളെയും അയൽവാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകൾ അടച്ചിരിക്കുകയാണ്.

ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ഈ മാസം ഒന്നാം തീയതിയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപാ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യമന്ത്രി വീണ ജോർജ് അല്പ സമയത്തിനുള്ളിൽ കോഴിക്കോട് എത്തും. വൈദ്യ സംഘവും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. 2018ൽ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.