വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു

 

റിയാദ്: കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക്  3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരില്‍ 770 പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. കൂടുതല്‍ വിസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെങ്ങും നിന്നുള്ള മുസ്ലിംകള്‍ക്കു മുന്നില്‍ സൗദി അറേബ്യയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിന് മത്സരാധിഷ്ഠിതവും സ്ഥിരവുമായ നിരക്കുകള്‍ നല്‍കാന്‍ ഹോട്ടലുകളെ ഹജ്, ഉംറ മന്ത്രാലയം പ്രേരിപ്പിക്കുകയാണ്. ഹോട്ടല്‍ മുറി നിരക്കുകള്‍ നിശ്ചയിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ഹജ്, ഉംറമന്ത്രാലയത്തിന് ഉത്തരവാദിത്തമില്ല. എന്നാല്‍ ഹോട്ടല്‍ മുറി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സുകളോടും നിക്ഷേപകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.