ദമാം: സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനുമുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി സൗദി ഹജ് ഉംറ മന്ത്രലായം അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ, സിയാറത്ത് കര്‍മങ്ങള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ പുനരാരംഭിക്കും. ഇതിനായി മന്ത്രാലയം ആവിഷ്‌കരിച്ച ഇഅ്തമര്‍നാ എന്ന് സ്മാര്‍ട്ട് ഫോണ്‍ ആപ് ഇന്നലെ മുതല്‍ പ്രവര്‍ത്തന സജ്ജമായി. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ് ലഭ്യമാണ്.
ഉംറ ചെയ്യല്‍, മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും നമസ്‌കരിക്കല്‍ എന്നിവ നിര്‍വഹിക്കാനും സമയം തെരഞ്ഞെടുക്കാനുമുള്ള അനുമതി പത്രം ലഭിക്കാന്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കി ബുക്ക് ചെയ്യണം.
മസ്ജിദുല്‍ ഹറമിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ നിലവില്‍ തീര്‍ഥാടകരെ അനുവദിക്കില്ല. പകരം മക്കയില്‍ കാര്‍ പാര്‍ക്കിംഗിന് സമീപം നിശ്ചയിച്ച കേന്ദ്രങ്ങളില്‍ അനുമതി പത്രം കാണിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് ഹറമില്‍ പ്രവേശിക്കേണ്ടത്. കര്‍മങ്ങള്‍ പൂര്‍ത്തിയായ ശേഷവും ഈ കേന്ദ്രങ്ങളിലേക്ക് അധികൃതര്‍ തിരിച്ചെത്തിക്കും. തുടര്‍ന്നാണ് അതത് പ്രദേശങ്ങളിലേക്ക് മടക്കം സാധ്യമാവുക. മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള സൗകര്യത്തിന് രാത്രി താമസിക്കാന്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിനും ഇഅ്തമര്‍നാ ആപ് വഴി തീര്‍ഥാടകര്‍ക്ക് സാധിക്കും.