മക്ക: ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് പടിപടിയായി അനുമതി നല്‍കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതു പ്രകാരം ആദ്യ ഘട്ടത്തില്‍ പരിമിതമായ തോതില്‍ സൗദി അറേബ്യക്കകത്തുള്ളവര്‍ക്കാണ് ഉംറ അനുമതി നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
കര്‍ശന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ അനുമതി നല്‍കുക. ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ഉംറ അനുമതി പത്രം നേടണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം.
ഉംറ നിര്‍വഹിക്കുന്ന തീയതി, ഉംറ കര്‍മം നിര്‍വഹിക്കുന്ന സമയം എന്നിവയെല്ലാം പ്രത്യേക ആപ്പ് വഴി മുന്‍കൂട്ടി പ്രത്യേകം നിര്‍ണയിക്കേണ്ടിവരും. കൊറോണയില്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും തീര്‍ഥാടകര്‍ ഹാജരാക്കേണ്ടിവരും. ഉംറ കര്‍മം നിര്‍വഹിക്കുന്നതിന് പടിപടിയായി അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
വിജയകരമായി ഹജ് സംഘടിപ്പിച്ചതിന്റെയും ഉയര്‍ന്ന ഗുണമേന്മയിലുള്ള ആരോഗ്യ നടപടികളും ക്രമീകരണങ്ങളും തീര്‍ഥാടകര്‍ക്ക് ബാധകമാക്കിയതിന്റെയും അനുഭവം ഹജ്, ഉംറ മന്ത്രാലയം വിലയിരുത്തുമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ശരീഫ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്ന പ്രോട്ടോകോളുകള്‍ക്കും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ക്കും അനുസൃതമായാണ് ഉംറ അനുമതി നല്‍കുകയെന്നും ഡോ. ഹുസൈന്‍ അല്‍ശരീഫ് പറഞ്ഞു.