ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതിൽ അനുശോചനം അറിയിച്ച് ലോകരാഷ്ട്രങ്ങൾ. ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അമേരിക്ക, ഫ്രാൻസ് തുടങ്ങിയ ലോക രാഷ്ട്രങ്ങളുമാണ് അനുശോചനം രേഖപ്പെടുത്തിയത്.
ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നതായി പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയായിരുന്നു ബിപിൻ റാവത്ത് എന്ന് യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് ലില്ലി പറഞ്ഞു. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറിയും വ്യക്തമാക്കി
ബുധാനാഴ്ച ഉച്ചയോടെ ഊട്ടിയിലെ കൂനൂരിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നത്. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തും ഭാര്യ മധുലികയും അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫും സുരക്ഷാ ഭടൻമാരും അപകടത്തിൽ മരിച്ചു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.