സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

 

സെമി ഹൈസ്പീഡ് റെയിൽവേപാതയായ സിൽവർ ലൈനിന് അനുമതി നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രതിപക്ഷം സിൽവർ ലൈനിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനുള്ള തീവ്രശ്രമം സർക്കാർ നടത്തുന്നത്.

ദേശീയ റെയിൽ പ്ലാനിൽ സിൽവർ ലൈൻ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്നതാണെന്നും കത്തിൽ പറയുന്നു. സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം, വ്യവസായ ഇടനാഴി എന്നിവ യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും. ഇത് റെയിൽവേക്കും ഗുണകരമാകുമെന്നും സർക്കാർ പറയുന്നു

യാത്രക്കാർ സിൽവർ ലൈൻ ആശ്രയിക്കുമ്പോൾ സാധാരണ പാതയിലൂടെ റെയിൽവേക്ക് കൂടുതൽ ചരക്ക് വണ്ടികൾ ഓടിക്കാനാകും. സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 13,700 കോടി രൂപ ചെലവിടും. വിദേശ വായ്പയുടെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുമെന്നും കത്തിൽ പറയുന്നു.