യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. പ്രധാനമന്ത്രി അധ്യക്ഷനായ യു എൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. മുമ്പ് ഒമ്പത് തവണ ഇന്ത്യ രക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാനമന്ത്രി ആദ്യമായാണ് അധ്യക്ഷപദം അലങ്കരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയാണ് ഇന്ത്യ നിർവഹിക്കുക. വൈകുന്നേരം അഞ്ചരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. രക്ഷാസമിതി യോഗത്തിൽ പ്രധാനമന്ത്രി എന്താകും പറയുകയെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ഒരു മാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുകയാണ് അധ്യക്ഷന്റെ ചുമതല.