ബലിയിടാൻ പോയ വിദ്യാർഥിയെ കൊണ്ട് പിഴയടപ്പിച്ച സംഭവം; പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

 

തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെ കൊണ്ട് പിഴയടപ്പിച്ച സംഭവത്തിൽ പോലീസുകാരനെതിരെ നടപടി. സിവിൽ പോലീസ് ഓഫീസർ അരുൺ ശശിയെ സസ്‌പെൻഡ് ചെയ്തു. സി ഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.

പിഴ രൂപയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി. ഇന്നലെയാണ് സംഭവം. കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോയ നവീനെ പോലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കി രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെടുകയായിരുന്നു

എടിഎമ്മിൽ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ നൽകി. എന്നാൽ പോലീസ് നൽകിയത് 500 രൂപയുടെ രസീതാണ്. ഇത് വീട്ടിലെത്തിയ ശേഷമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ എഴുതിയതിലുള്ള പിഴവാണെന്ന് പോലീസ് പറയുന്നു.