കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് വാക്സിന് വില കൂടാന്‍ കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ജി.എസ്.ടിയിൽനിന്ന് പൂർണ ഇളവ് നൽകിയാൽ ആഭ്യന്തര ഉൽപ്പാദകർക്ക് അവരുടെ നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും അടച്ച നികുതി നികത്താൻ കഴിയില്ല. ഇതോടെ ഉപകരണങ്ങളുടെ വിലവർധിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവും. ഇത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മാറും.
കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൻറഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നത്. കോവിഡ് വാക്‌സിന്റെ ജി.എസ്.ടിയിൽനിന്ന് പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങൾക്കുമാണ്. കൂടാതെ, കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്’ നിർമല സീതാരാമൻ വ്യക്തമാക്കി.