സഞ്ജയ് മുതൽ ബിപിൻ റാവത്ത് വരെ; രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ ദുരന്തങ്ങൾ

 

രാജ്യത്തെ നടുക്കി മറ്റൊരു ഹെലികോപ്റ്റർ ദുരന്തം കൂടി. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 പേരാണ് ഊട്ടിയിലെ കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും തകർന്നുവീണ് നിരവധി പ്രമുഖരെ നഷ്ടപ്പെട്ട രാജ്യമാണ് നമ്മുടേത്. സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ എത്തി നിൽക്കുന്ന വലിയൊരു പട്ടികയാണത്.

സഞ്ജയ് ഗാന്ധി

ഒരുകാലത്ത് അമ്മ ഇന്ദിരാ ഗാന്ധിയെ മുൻനിർത്തി ഇന്ത്യ ഭരിച്ചിരുന്നയാളായിരുന്നു സഞ്ജയ് ഗാന്ധി. ഇന്ദിരയുടെ പിന്തുടർച്ചക്കാരനായി കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സഞ്ജയ് ഗാന്ധി 1980ലാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. 1980 ജൂൺ 23നാണ് സംഭവം

മാധവ റാവു സിന്ധ്യ

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു മാധവ് റാവു സിന്ധ്യ. 2001ലാമ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. യുപിയിലെ മെയിൻപുരി ജില്ലയിൽ മാധവ് റാവു യാത്ര ചെയ്തിരുന്ന ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവർത്തകരടക്കം എട്ട് പേർ  കൊല്ലപ്പെട്ടു

ജിഎംസി ബാലയോഗി

ലോക്‌സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്നു ജിഎംസി ബാലയോഗി. 2002 മാർച്ച് മൂന്നിന് ആന്ധ്രയിൽ വെച്ച് ഹെലികോപ്റ്റർ തകർന്നു കൊല്ലപ്പെട്ടു. കൃഷ്ണ ജില്ലയിലെ മത്സ്യക്കുളത്തിലേക്ക് ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.

സൗന്ദര്യ

ദക്ഷിണേന്ത്യൻ നടിയായിരുന്ന സൗന്ദര്യ 2004 ഏപ്രിൽ ഏഴിനാണ് ബംഗളൂരുവിൽ നടന്ന വിമാന അപകടത്തിൽ കൊല്ലപ്പെടുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവെ ചെറുവിമാനം തീ പിടിക്കുകയും തകർന്നുവീഴുകയുമായിരുന്നു. സഹോദരൻ അമർനാഥ് അടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്

വൈ എസ് രാജശേഖര റെഡ്ഡി

ആന്ധ്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി 2009 സെപ്റ്റംബർ രണ്ടിനാണ് ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടത്. നല്ലമല വനത്തിലെ കുന്നിൻ മുകളിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നുവീണത്.

ദോർജി ഖണ്ഡു

കോൺഗ്രസ് നേതാവും അരുണാചൽപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. ഖണ്ഡുവും മറ്റ് നാല് പേരും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതാകുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം 2011 മെയ് 4ന് ഭൂട്ടാൻ അതിർത്തിയിൽ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.