സേന മേധാവിയടക്കം അന്തരിച്ച ഹെലികോപ്റ്റർ അപകട ദിവസം സംഭവിച്ചതെന്ത്

 

തമിഴ്‌നാട്ടിലെ ഊട്ടി കൂനൂരിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാമേധാവി ബിപിൻ റാവത്തും ഭാര്യയും, സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 14 പേരാണ് മരിച്ചത്. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെട്ടത് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഇദ്ദേഹം. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട ദിവസം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് മുതൽ സംഭവിച്ചതെന്തൊക്കെയെന്ന് നോക്കം…

രാവിലെ ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് ബിപിൻ റാവത്തും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ഒമ്പതംഗ സംഘം യാത്രതിരിക്കുന്നു.

സൂലൂരിൽ നിന്നും അഞ്ച് പേർ കൂടി ഹെലികോപ്റ്ററിൽ കയറി. 11.47ന് സൂലൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്ക്.

12.20 ഊട്ടിക്കും സൂലൂരിനും ഇടയിലുള്ള കാട്ടേരിയിൽ ഹെലികോപ്റ്റർ തകർന്നു വീഴുന്നു. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ചാണ് അപകടം നടന്നത്.

എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. തീ അണക്കാൻ ഒന്നര മണിക്കൂറെടുത്തു.

12.55ന് വെല്ലിങ്ടണിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനികരും സ്ഥലത്തെത്തി.

1.53ന് അപകടത്തിൽപ്പെട്ട ഹെലികോപറ്ററിലുണ്ടായിരുന്നത് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയുമാണെന്ന വിവരം വ്യോമ സേന സ്ഥിരീകരിച്ചു.

പിന്നീട് പരിക്കേറ്റ വരുൺ സിങടക്കമുള്ളവർക്ക് വെല്ലിങ്ടൺ ആശുപത്രിയിൽ ചികിത്സ നൽകി. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് കൊണ്ടുപോയി.