ലഖിംപുർ കൊലപാതകം; ആശിഷ് മിശ്ര ഹാജരായില്ല: നേപ്പാളിലേക്ക് മുങ്ങിയെന്ന് സൂചന

 

ലംഖിപൂർ ഖേരിയിലെ കർഷക കൊലപാതക കേസിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒളിവിൽ പോയെന്ന് സൂചന. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉത്തർ പ്രദേശ് പൊലീസ് ആശിഷിന് നോട്ടീസ് നൽകിയുന്നു. എന്നാൽ ഇതുവരെ ഇയാൾ ഹാജരായിട്ടില്ല.

ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പൊലീസ് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നെന്നാണ് സൂചന. ആശിഷ് മിശ്ര ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുന്നത് തുടരും. ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്തു എന്നുതുടങ്ങിയ വിവരങ്ങൾ സുപ്രീംകോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടികൾ കർക്കശമാക്കിയതിന്റെ ഭാഗമായാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നൽകിയത്.

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് കാർ കയറ്റി നാല് കർഷകർ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ ആക്രമത്തിൽ കർഷകർ ഉൾപ്പെടെ എട്ടുപേരാണ് സംഭവസ്ഥലത്ത് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് കർഷകർ ആരോപിച്ചിരുന്നു. തുടർന്ന് യുപി പൊലീസ് ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.