ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാര്‍ കയറ്റി കൊന്നതിന് പിന്നില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്ന് വ്യക്താക്കുന്ന എഫ് ഐ ആര്‍ റിപ്പോര്‍ട്ട് പുറത്ത്. കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റിയ വാഹന വ്യൂഹതക്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുണ്ടായിരുന്നെന്ന് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിൽ പറയുന്നു. മാത്രമല്ല കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര വെടിവെച്ചതായും യു പി പോലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകരെ ഇടിച്ച കാറില്‍ ആശിഷ് മിശ്രയില്ലെന്ന അജയ് മിശ്രയുടേയും ബി ജെ പിയുടേയും വാദമാണ് ഇതിലൂടെ പൊളിയുന്നത്.
കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്ന് എഫ് ഐ ആറില്‍ പറയുന്നു. സംഭവ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വന്നുവെന്നും ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തെന്നും എഫ് ഐ ആറില്‍ പറയുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും അതിനുശേഷം കരിമ്പിന്‍ കാട്ടില്‍ ഒളിക്കുകയുമായിരുന്നെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടിലുള്ളത്. ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എഫ് ഐ ആര്‍ ആര്‍ എടുത്തിട്ടുണ്ട്. അജയ് മിശ്രയുടെ പേര് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ് യു വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ് യു വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.
ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലേക്ക് പോകാന്‍ പോലീസ് രാഷ്ട്രീയ നേതാക്കളെ ഇപ്പോഴും അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹം സംഭവ സ്ഥലത്തേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.