തമിഴ്‌നാട്, മന്നാർഗുഡി രാജഗോപാല സ്വാമി ക്ഷേത്രത്തിലെ കുട്ടിയാനയുടെ ഹെയർ സ്‌റ്റൈലാണ് സൈബർ ഇടങ്ങളിൽ കൌതുകമായിരിക്കുന്നത്. ബോബ് കട്ട് സ്‌റ്റൈലിൽ മുടി ചീകിയൊതുക്കിയ ഈ കുറുമ്പനാനക്ക് ‘ബോബ്-കട്ട് സെംഗമലം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസറായ സുധാ രാമൻ ട്വിറ്ററിൽ ആനയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ സെംഗമലം വൈറലായിട്ടുണ്ട്. ഒരു വലിയ ആരാധക സമൂഹം തന്നെയുണ്ട് സെംഗമലത്തിന്.
പാപ്പാനായ രാജഗോപാലാണ് സെംഗമലത്തിൻറെ വൈറലായ ഹെയർസ്‌റ്റൈലിന് പിന്നിൽ. എല്ലാ ആനകൾക്കും മുടി വളരാറുണ്ടെന്നും എന്നാൽ വെട്ടിക്കളയുകയാണ് പതിവെന്നും രാജഗോപാൽ പറയുന്നു. പക്ഷെ സെംഗമലത്തിൻറെ മുടി ഭംഗിയിൽ വെട്ടിയൊതുക്കി കുളി കഴിഞ്ഞ് മുടി ചീകിക്കൊടുക്കും രാജഗോപാൽ. ആനക്കും അതിഷ്ടമാണെന്നും രാജഗോപാൽ പറഞ്ഞു. സെംഗമലം ഒരു സകലകലാവല്ലഭൻ കൂടിയാണ്. മൌത്ത് ഓർഗൻ നല്ല ഭംഗിയായി വായിക്കും ഈ കുട്ടിയാന.