അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ബൈക്കുള, ദാദർ റെയിൽവേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ ഇന്നലെ രാത്രിയിലാണ് ഭീഷണി സന്ദേശം എത്തിയത്.
ഫോൺ കോൾ ലഭിച്ചതോടെ പൊലീസും ആർപിഎഫും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉടൻ തന്നെ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.