കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു:ഇനി നടപടികൾ നേരിട്ടും സ്വീകരിക്കും

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെയും ലോക്ക്‌ഡൗണിന്റെയും പശ്‌ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങളില്‍ മാറ്റം. ഒരുവര്‍ഷത്തിനു ശേഷം ഈമാസം 15 മുതല്‍ കോടതിയില്‍ നേരിട്ടും വിര്‍ച്വലായുമുള്ള നടപടികള്‍ പരീക്ഷിക്കാന്‍ പരമോന്നത നീതിപീഠം. അഭിഭാഷകരുടെയും ഹര്‍ജിക്കാരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണിതെന്നു സുപ്രീം കോടതി രജിസ്‌ട്രി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി. കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിങ്‌ വഴിയായിരുന്നു വിചാരണയടക്കം സുപ്രീം കോടതിയില്‍ നടന്നിരുന്നത്‌. വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ്‌ ഇതിനു മാറ്റം വരുത്താന്‍ പരമോന്നത നീതിപീഠം തയാറെടുക്കുന്നത്‌.

കോവിഡിനു മുമ്ബത്തെ നടപടിക്രമങ്ങളിലേക്കുള്ള മടക്കത്തിന്റെ മുന്നൊരുക്കമാണിത്‌. ഇതനുസരിച്ച്‌ ഈമാസം 15 മുതല്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ലിസ്‌റ്റ്‌ ചെയ്‌തിരിക്കുന്ന വിചാരണാ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയ കേസുകളും പതിവു വിഷയങ്ങളും നേരിട്ടോ വിര്‍ച്വലായോ പരിഗണിക്കും. ഏതുരീതി കൈക്കൊള്ളണമെന്ന്‌ അതതു ബെഞ്ചുകള്‍ തീരുമാനിക്കും. കേസില്‍ ഉള്‍പ്പെട്ട കക്ഷികളുടെ എണ്ണം, കോടതി മുറികളുടെ ശേഷി ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താകും തീരുമാനം. തിങ്കള്‍, വെള്ളി ദിവസങ്ങളിലെ നടപടിക്രമങ്ങളില്‍ വീഡിയോ/ടെലികോണ്‍ഫറന്‍സിങ്‌ മാര്‍ഗം അവലംബിക്കുന്നതു തുടരും.
നേരിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കോടതി മുറിക്കുളളില്‍ നിശ്‌ചിത അകലം പാലിച്ച്‌ ഇരിപ്പിടങ്ങള്‍ സജ്‌ജമാക്കും. അഭിഭാഷകരും കേസുമായി ബന്ധപ്പെട്ടവരും മാത്രമേ മുറിക്കുള്ളില്‍ ഹാജരാകാന്‍ പാടുള്ളൂ. മാസ്‌ക്‌, സാനിറ്റൈസര്‍ എന്നിവ കരുതണം. കേസ്‌ പരിഗണിക്കുന്നതിനു 10 മിനിട്ട്‌ മുമ്ബു മാത്രമാകും പ്രവേശിക്കാന്‍ അനുമതി. മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കും. നേരിട്ട്‌ ഹാജരാകാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌ ഒരു മണിവരെ മാത്രമേ കോടതി കേസ്‌ പരിഗണിക്കൂ. പ്രവേശനാനുമതിക്കുള്ള പ്രത്യേക പാസുകള്‍ അടുത്ത ദിവസം മുതല്‍ നല്‍കിത്തുടങ്ങും.