ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിന്റെ ഭാഗമായി സാങ്കേതിക രേഖകൾ നൽകാൻ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബ് എം.പിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ സാങ്കേതിക സാദ്ധ്യതാവിവരങ്ങൾ ഒന്നും തന്നെയില്ല. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നു.
ഈ അനുമതി ഡി.പി.ആർ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.നിലവിലെ പദ്ധതി ഭാവിയിൽ റെയിൽവെയുടെ വികസനത്തെ ബാധിച്ചേക്കും. പദ്ധതിയുടെ വിശദമായ പരിശോധനയ്ക്കായി അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെ വിവരങ്ങൾ, നിലവിലുള്ള റെയിൽവെ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ, സോണൽ റെയിൽവെ വഴിയുള്ള ആസ്തി നിർണ്ണയിക്കൽ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ സാങ്കേതിക രേഖകൾ നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.