ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

സോഷ്യൽ മീഡിയയിൽ ട്രോളുകളേറ്റ് വാങ്ങി സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ. 2024 അവസാനം 2025 ൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന തനിക്ക് ഏറ്റവും പ്രതീക്ഷയുള്ള 6 സിനിമകളുടെ ലിസ്റ്റ് അദ്ദേഹം imdb ക്ക് വേണ്ടി തയാറാക്കി പോസ്റ്റ് ചെയ്തിരുന്നു. അവയെല്ലാം തന്നെ ഒന്നുവിടാതെ വമ്പൻ പരാജയമേറ്റു വാങ്ങിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.തഗ് ലൈഫ്, ദേവ, ഡൊമിനിക്ക് ആൻഡ് ദി പഴ്സ്, സിക്കന്തർ, കൂലി, പരാശക്തി എന്നിവയായിരുന്നു ഭരദ്വാജ് രംഗൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങൾ. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തഗ് ലൈഫ് ബോക്സ്ഓഫീസിൽ ഒരു ദുരന്തമായി മാറുകയും ഒപ്പം ഒട്ടേറെ ട്രോളുകളും ചിത്രം ഏറ്റു വാങ്ങുകയും ചെയ്തു.മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക് ആയ ദേവയും, സൽമാൻ ഖാൻ എ.ആർ മുരുഗദോസ് ചിത്രം സിക്കന്തറും വമ്പൻ പരാജയമായി. ഗൗതം മേനോന്റെ മലയാളത്തിലെ ആദ്യ സംവിയോധന സംരംഭമായ മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്സ് ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിക്ക് ഒരു പരാജയ ചിത്രം സമ്മാനിച്ചു.

2025 ലെ ഏറ്റവും ഹൈപ്പ് ഉണ്ടായിരുന്ന ലോകേഷ് കനഗരാജ് രജനികാന്ത് ചിത്രം കൂലിയാണ് ലിസ്റ്റിൽ ഭേദപ്പെട്ട കളക്ഷൻ നേടിയത്. എങ്കിലും ബ്രഹ്മാണ്ഡ ഹൈപ്പിനൊത്തുള്ള നിലവാരം ചിത്രം പുലർത്താതെ ആരാധകർക്ക് നിരാശ സമ്മാനിച്ചു എന്ന് മാത്രമല്ല ട്രോളുകൾ ഏറ്റു വാങ്ങുകയും സംവിധായകന് ഒട്ടേറെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്തു.ലിസ്റ്റിലെ അവസാന ചിത്രമായ പരാശക്തി ഈ വർഷമാണ് തിയറ്ററുകളിൽ എത്തിയത്. ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് പ്രതീക്ഷിച്ചെങ്കിലും ഇരു ചിത്രങ്ങളും നേരിട്ട സെൻസർ വെല്ലുവിളികൾക്കൊടുവിൽ ജനനായകൻ മാറ്റിവെക്കപ്പെട്ടു. എതിരാളികളില്ലാതെ തിയറ്ററിലെത്തിയ പരാശക്തിക്ക് സമ്മിശ്ര പ്രതികരണങ്ങൾ മാർദ്രമാണ് നേടാനായത്. അതിനാൽ ഭരദ്വാജ് രംഗന്റെ ലിസ്റ്റ് ഒരു ദുരന്തമായി മാറിഎന്നാ രീതിയിലാണ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത്.