കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അഞ്ച് വർഷം കൊണ്ട് പൂർത്തികരിക്കുമെന്ന് കെ റെയിൽ എം.ഡി വി അജിത്ത്കുമാർ. 63,941 കോടി രൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്
പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ഇ ശ്രീധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ സംവിധാനത്തിൽ 160 കിലോമീറ്ററിന് മുകളിൽ വേഗം കൈവരിക്കാൻ സംവിധാനമില്ലാത്തതിനാലാണ് പുതിയ പാത വേണ്ടി വരുന്നത്.
74 യാത്രാവണ്ടികൾ ഓടുന്ന സിൽവർ ലൈനിൽ ആറ് ചരക്കുവണ്ടികൾ മാത്രമാണ് ഓടിക്കുക. കാസർകോട് മുതൽ തിരൂർ വരെ നിലവിലെ പാതക്ക് സമാന്തരമായാണ് സിൽവർ ലൈൻ വരുന്നതെന്നും കെ റെയിൽ എംഡി അറിയിച്ചു.