സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണം; ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം

 

ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന അഭ്യർഥനയുമായി കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാനങ്ങളോടും വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപി, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രനികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചതായി കേന്ദ്രം പറഞ്ഞു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നികുതി കുറയ്ക്കില്ലെന്ന നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ഇന്ധനവിലയിൽ രാഷ്ട്രീയം പാടില്ലെന്ന അഭ്യർഥന കേന്ദ്രം നടത്തുന്നത്. കേന്ദ്രത്തിന്റെ ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറച്ചത്.

അതേസമയം മൂല്യവർധിത നികുതി കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി ഉയർത്തിയിട്ടുണ്ട്. എന്നാൽ ആശ്വാസം പകരാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആത്മാർഥമാണെങ്കിൽ ഇരുപത്തിയഞ്ചോ, അമ്പതോ രൂപയെങ്കിലും കുറയ്ക്കണമെന്ന് ശിവസേന തിരിച്ചടിച്ചു

പെട്രോളിന് അഞ്ച് രൂപയും ഡീസിന് 10 രൂപയുമാണ് നികുതിയിനത്തിൽ കേന്ദ്രം കഴിഞ്ഞ ദിവസം കുറവ് വരുത്തിയത്. എന്നാൽ പതിനെട്ട് മാസത്തിനിടെ 35 രൂപയുടെ വർധനവ പെട്രോളിനും 26 രൂപയുടെ വർധന ഡീസലിനുമുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ഇളവ് ആശ്വാസകരമല്ല. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങി നികുതി കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ളത്.

കേന്ദ്രം വില കുറച്ചിട്ടും രാജ്യത്തെ എല്ലാ നഗരങ്ങളിലും പെട്രോൾ വില നൂറിന് മുകളിൽ തന്നെയാണ്. വരുന്ന മാസങ്ങളിൽ ഇന്ധനവില ഇനിയും ഉയരുമെന്നാണ് വിദഗ്ധരും പറയുന്നത്.