മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരി ഖാനെ തടഞ്ഞ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ഏതാനും പായ്ക്കറ്റ് ബര്‍ഗറുമായാണ് ഗൗരി എന്‍സിബി ഓഫിസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിച്ചില്ല. ഗൗരി കൊണ്ടുവന്ന ഭക്ഷണം ആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും ലോക്കപ്പില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.
ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും റോഡരികിലെ തട്ടുകടയില്‍ നിന്നുള്ള ഭക്ഷണമാണ് നൽകുന്നത്. പുരി-ഭാജി, ദാൽ-ചവൽ തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും കൂടാതെ, അടുത്ത ഹോട്ടലില്‍ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ് ഷാറുഖ് ഖാന്‍ എത്തിയിരുന്നു.
ഷാറുഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. രണ്ട് ദിവസം മുന്‍പാണ് ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ ഏഴ് പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.