ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആഗസ്തില്‍ ആരംഭിക്കുമെന്നും സപ്തംബര്‍ മാസത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് റിപോര്‍ട്ട്.
കൊവിഡ് 19: ദി റെയ്‌സ് ടു ഫിനിഷിങ് ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന റിപോര്‍ട്ടിലാണ് അടുത്ത കൊവിഡ് തരംഗത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.
മുന്‍സമയത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് കണക്കിലെടുത്താണ് പ്രവചനം നടത്തിയത്. രണ്ടാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധയുടെ 1.7 ഇരട്ടിയായിരിക്കും മൂന്നാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധ.
രണ്ടാം തരംഗം ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും മൂന്നാം തരംഗം ഏറെക്കുറെ ഉറപ്പായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് എസ്ബിഐ റിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
അതേസമയം മരണസംഖ്യ രണ്ടാം തരംഗത്തേക്കാള്‍ ഉയരാനിടയില്ലെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ രണ്ടാം തരംഗം ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ഏറ്റവും ഉയര്‍ന്നുനിന്നത്. ഈ സമയത്തായിരുന്നു രാജ്യത്തെ പ്രതിദിന രോഗബാധ ഏറ്റവും കൂടിയത്. മരണവും ഒപ്പം വര്‍ധിച്ചു. ഓക്‌സിജന്‍ പ്രതിസന്ധിയായിരുന്നു രാജ്യം നേരിട്ട മറ്റൊരു പ്രശ്‌നം. അവിടന്നങ്ങോട്ട് മരണങ്ങള്‍ കുറയാന്‍ തുടങ്ങി. പ്രതിദിന രോഗബാധ വര്‍ധിക്കാന്‍ തുടങ്ങിയതോടെ രാജ്യത്താകമാനം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.