ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ചയാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തിൽ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും.
കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് യോഗം വിളിച്ചത്. നാളെ നടക്കുന്ന ഉന്നതതലയോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.