കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആ. ഇതിനോടകം 23,000ത്തോളം പേരിൽ പരീക്ഷിച്ചതാണ്. വാക്‌സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. വാക്‌സിന്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവാക്‌സിനും കൊവിഷീൽഡിനും ഇന്നലെയാണ് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ കൊവാക്‌സിനെ സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പേ ഇതിന് അനുമതി നൽകിയതിനെയാണ് നിരവധി പേർ ചോദ്യം ചെയ്തത്
എന്നാൽ കൊവിഷീൽഡിന് 70.42 ശതമാനം വിജയസാധ്യതയുണ്ടെങ്കിലും കൊവാക്‌സിന്റേത് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ലെന്നാണ് ബൽറാം ഭാർഗവ പറയുന്നത്. ആദ്യഘട്ടത്തിൽ ഒരു കോടിയോളം ആരോഗ്യപ്രവർത്തകർക്ക് കൊവിഷീൽഡ് നൽകാനാണ് ധാരണ. ഇതിനായി ഒരു കോടി ഡോസ് കൊവിഷീൽഡ് വിതരണം ചെയ്യാൻ കേന്ദ്രം സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്