കൊടുംതണുപ്പിനു പുറമെ കനത്ത മഴയും; കര്‍ഷകരുമായി ഇന്ന് വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും മറ്റുമുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തുന്ന ഐതിഹാസിക സമരം കൊടുംതണുപ്പിനെയും കനത്ത മഴയെയും അവഗണിച്ച് തുടരുന്നു. ജനുവരി മാസത്തിലെ കടുത്ത തണുപ്പിനു പുറമെ ഇന്നലെ സമരവേദിയിലുള്‍പ്പെടെ കനത്ത മഴയായിരുന്നു. കോരിച്ചൊരിയുന്ന മഴ കാരണം വെള്ളക്കെട്ടുയര്‍ന്നെങ്കിലും സമരത്തില്‍ നിന്നു രിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. അതിനിടെ, കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ ചര്‍ച്ചയില്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിലും താങ്ങുവിലക്ക് നിയമ പരിരക്ഷ നല്‍കുന്നതിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26നു റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് ‘കിസാന്‍ ട്രാക്റ്റര്‍ പരേഡ്’ നടത്തുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം ആറിന് തലസ്ഥാനത്ത് ട്രാക്റ്റര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. അതിനിടെ, കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിനു മുന്നോടിയായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചകള്‍ വിവാദ നിയമം പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് അലസിയിരുന്നു. വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെ ആയിരക്കണക്കിനു കര്‍ഷകരാണ് സിംഘു അതിര്‍ത്തിയില്‍ ഒരു മാസത്തിലേറെയായി സമരം നടത്തുന്നത്.

പ്രക്ഷോഭത്തില്‍ പങ്കുചേരാിനായി നൂറുകണക്കിന് പ്രക്ഷോഭകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചതോടെ ഹരിയാന പോലിസ് പ്രതിഷേധകരെ ഞായറാഴ്ച രെവാരി-അല്‍വാര്‍ അതിര്‍ത്തിയില്‍ നേരിട്ടു. മാര്‍ച്ച് തടയാനായി പോലിസ് നിരവധി തവണ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറികടന്ന് കൂടുതല്‍ മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ ശ്രമിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.