കൊവിഡ് വാക്‌സിൻ വീടുകളിലെത്തിയും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. വാക്‌സിനേഷൻ 50 ശതമാനത്തിൽ താഴെ മാത്രം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായും നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദേശം നൽകിയത്.
വാക്‌സിൻ നൽകാനായി മതനേതാക്കളുടെയും യുവജന സംഘടനകളുടെയും സഹായം തേടാമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. രണ്ടാം ഡോസ് നൽകുന്നതിനും ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. നിലവിൽ 2.5 കോടി ഡോസ് വാക്‌സിനുകളാണ് ദിനംപ്രതി നൽകുന്നത്. രാജ്യത്തിന്റെ പ്രാപ്തിയെയാണ് ഇത് കാണിക്കുന്നത്.
എല്ലാ വീടുകളിലും വാക്‌സിൻ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ച് വാക്‌സിനേഷൻ പൂർത്തിയാക്കണം. ഇതിന് വേണ്ടി ഏതുവഴിയും സ്വീകരിക്കാം. ആവശ്യമെങ്കിൽ 25 പേരടങ്ങുന്ന ടീമുകളായി തിരിക്കാമെന്നും മോദി പറഞ്ഞു.