ഇന്ത്യൻ നിർമിത വാക്‌സിനായ കൊവാക്‌സിന് ഒടുവിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തു
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഐസിഎംആറും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കൊവാക്‌സിൻ. ഡബ്ല്യു എച്ച് ഒയുടെ അനുമതി ലഭിച്ചതോടെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.
ഏപ്രിൽ 19നാണ് ലോകാരോഗ്യ സംഘടനക്ക് മുമ്പിൽ ഭാരത് ബയോടെക് അനുമതിക്കായി അപേക്ഷ നൽകിയത്. പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഇതുപ്രകാരം കൂടുതൽ രേഖകൾ കമ്പനി നൽകി. ബുധനാഴ്ച ചേർന്ന ഉപദേശക സമിതി യോഗമാണ് കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.