ഹത്രാസിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയ കോടതി നടപടിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്
ഹത്രാസിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ശേഷം ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയ കോടതി നടപടിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.
കോടതിയുടേത് ശക്തവും പ്രതീക്ഷ നൽകുന്നതുമായ ഇടപെടലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതീക്ഷയുടെ കിരണമാണിത്. ഹത്രാസ് കേസിൽ സംഭവിച്ച കാര്യങ്ങൾ മനസ്സിലാക്കി കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തന്നെ നേരിട്ട് വിളിപ്പിച്ചിരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു
പെൺകുട്ടിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് കുടുംബം ആരോപിച്ചിരുന്നു.
കൂടാതെ, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദം.