കൊവിഡ് മരണം അടക്കം എല്ലാത്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിനായി വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു
ആശുപത്രിയിൽ ഒരാൾ മരിച്ചാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോർട്ട് ഓൺലൈനായി അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനിനുള്ളിൽ തന്നെ ആശുപത്രികളിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടക്കണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാതലത്തിൽ പ്രസിദ്ധീകരിക്കണം.
ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ് വെയർ നിർമിച്ചു പരിശീലനം നൽകി. കൊവിഡ് മരണങ്ങൾ അടക്കം എല്ലാ മരണങ്ങളും ആശുപത്രിയിൽ നിന്ന് ഇത്തരത്തിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടർമാർ തന്നെയാണ് അവരുടെ മാർഗരേഖ അനുസരിച്ച് തീരുമാനമെടുക്കുക.
സർക്കാരിന് മറുച്ചുവെക്കാൻ ഒന്നുമില്ല. ഇക്കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാനാണ് ആശുപത്രിയിൽ വെച്ചുതന്നെ ഓൺലൈനായി അപ്ലോഡ് ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.